കൊച്ചി: സോഷ്യൽ മീഡിയായിലൂടെ പരിചയപ്പെട്ട് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത മിസോറാം സ്വദേശിനി ലാൽച്വാൻതാങ്ങി (47) യെ ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തു. ജോർദ്ദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഫേസ്‌ബുക്ക് വഴിയാണ് ഇവർ പരിചയപ്പെടുന്നത്.

യു.കെ വംശജയാണെന്നും, സ്വർണ്ണത്തിന്റെ ബിസിനസാണെന്നുമാണ് ഇവർ പറഞ്ഞത്. ഇന്ത്യയിൽ സ്വർണ്ണ ബിസിനസ് നടത്താൻ താൽപ്പര്യമുണ്ടെന്ന് യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഒരു ഡ്രൈവറെ ഏർപ്പെടുത്തണമെന്നും, സ്വർണ്ണക്കടക്കാരെ പരിചയപ്പെടുത്തി ക്കൊടുക്കണമെന്നും പറഞ്ഞു. ഡൽഹിയിലേക്കാണ് വിമാന ടിക്കറ്റ് കിട്ടിയതെന്ന് പറയുകയും, വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ യുവാവിന് കാര്യങ്ങൾ കൂടുതൽ വിശ്വാസ്യമായി.

തന്റെ കൈവശമുണ്ടായിരുന്ന മൂന്നു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് പിടികൂടിയെന്ന് പറഞ്ഞ് യുവതിയുടെ സന്ദേശം അങ്കമാലി സ്വദേശിക്ക് ലഭിച്ചു. വിട്ടു കിട്ടാനുള്ള ക്ലിയറൻസിന് വേണ്ടി പണം ആവശ്യപ്പെടുകയും ചെയ്തു. കാര്യങ്ങൾ സത്യമാണെന്ന് കരുതിയ യുവാവ് പലരിൽ നിന്നുമായി ഇരുപത് ലക്ഷത്തിലേറെ രൂപ വാങ്ങി യുവതിക്കയച്ചു കൊടുത്തു. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.

നടന്നത് തട്ടിപ്പാണെന്ന് മനസിലാക്കിയപ്പോഴേക്കും പണം നഷ്ടമായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഡൽഹി വസന്ത് വിഹാർ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുമാണ് യുവതിയെ പിടികൂടിയത്. ഡൽഹിയിൽ ഗ്രോസറി ഷോപ്പ് നടത്തുകയായിരുന്നു മിസോറാം സ്വദേശിനി. ഇൻസ്‌പെക്ടർമാരായ എം.ബി.ലത്തീഫ്, എം.ശ്രീകുമാർ, എസ്‌ഐ ഏ.ബി.റഷീദ്, സിനിയർ സി.പി.ഒ നിമ്‌ന മരയ്ക്കാർ, സി.പി.ഒ വികാസ് മണി, അജ്മൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.