കാസർകോട്: യുവാവിനെ മൊബൈൽ കടയിൽ നിന്നും പിടിച്ച് വലിച്ച് കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ നാലു പേർ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എ ശാനവാസ് (38), എഎം അബ്ദുൽ മനാഫ് (42), എഎ മുഹമ്മദ് റിയാസ് (34), കെഎസ് മുഹമ്മദ് റിയാസ് (25), എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാനഗർ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്തെ സംല മൻസിലിൽ എഎം അബൂബക്കറിന്റെ മകൻ സവാദി(30)നെയാണ് നാലംഗ സംഘം കെഎൽ 58 എജി 1178 നമ്പർ സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭർതൃമതിയെ ഫോണിൽ നിരന്തരം ശല്യം ചെയ്തു എന്ന് ആരോപിച്ചാണ് മർദ്ദനം ഉണ്ടായത്.

തട്ടിക്കൊണ്ടുപോയ യുവാവിനെ അണങ്കൂരിലെ പാറപ്രദേശത്ത് വെച്ച് മർദിച്ചുവെന്നും തടയാൻ ശ്രമിച്ചപ്പോൾ പിതാവ് അബൂബക്കറിനെയും അടിച്ചു പരിക്കേൽപ്പിച്ചിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി യുവാവിനെ മോചിപ്പിച്ചു. കൂട്ടം കൂടിയവരെ പിരിച്ചുവിടാൻ ലാത്തിയും വീശി. സംഘർഷത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റു. എല്ല് പൊട്ടിയതായുള്ള സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥനെ ജെനറൽ ആശുപത്രിയിൽ എക്സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കി.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഐപിസി 365, 341, 323, 34 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളിൽ മൂന്നുപേർ നേരത്തെ തട്ടിക്കൊണ്ടുപോകൽ ബ്ലാക്ക് മയിൽ എൻഡിപിഎസ് കേസുകളിലെ പ്രതികളാണ്.

കാസർകോട് ടൗൺ സിഐ അജിത്കുമാർ, എസ്‌ഐ ചന്ദ്രൻ, എഎസ്‌ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.