കണ്ണൂർ: മട്ടന്നൂരിനെ നടുക്കി ക്രിസ്മസ് ദിവസം രാത്രിയിൽ നടന്ന അരുംകൊല. മട്ടന്നൂർ നഗരസഭയിലെ കൈതേരിയിൽ മധ്യവയസ്‌കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ മട്ടന്നൂർ പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി. കൊതെരിവണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാ (54) ണ് കൊല്ലപ്പെട്ടത്.

ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ബുള്ളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചുള്ള വെട്ടേറ്റ് ഗിരിശന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.

ബഹളം കേട്ടെത്തിയ നാട്ടുകാർ ചോരയൊലിപിച്ചു കിടന്ന ഗിരീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഗിരീശന്റെ പ്രായമായ അമ്മ മാത്രമേ വീട്ടിലുണ്ടായിരുള്ളു. മദ്യ ലഹരിയിൽ ഇരുവരും തമ്മിൽ നടത്തിയ വാക് തർക്കത്തെ തുടർന്ന് തന്റെ അമ്മയെയും അച്ഛനെയും അസഭ്യം പറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി പൊലിസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ വ്യക്തമാക്കിയിരുന്നത്.

ആ ക്രമണത്തിന് മുൻപേ ഇരുവരും മട്ടന്നൂർ ടൗണിൽ നിന്നും മദ്യലഹരിയിൽ വാക് തർക്കമുണ്ടായെന്നാണ് പൊലിസ് പറയുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊലപാതകവിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത്കുമാർ , കൂത്തുപറമ്പ് എ.സി.പി വിനോദ്, മട്ടന്നൂർ സിഐ കെ.വി പ്രമോദ്, എസ്‌ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി വ്യാപാകമായ തെരച്ചിൽ നടത്തുന്നതിനിടെയിൽ ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പരേതനായ ശ്രീധരന്റെയും രാധയുടെയും മകനാണ് മരിച്ച ഗിരീശൻ. സഹോദരങ്ങൾ: രമണി രാജേഷ് പരേതനായ സതീശൻ