അടൂർ: മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പരാക്രമം. തടയാൻ വന്ന പൊലീസുകാരെ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചു. മണിക്കൂറുകളോളം പൊതുനിരത്തിൽ അഴിഞ്ഞാടിയ നാലു യുവാക്കളെ ഒടുവിൽ അറസ്റ്റ്് ചെയ്തു. രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു.

വയല അറുകാലിക്കൽ പടിഞ്ഞാറ് മുഖത്തല വീട്ടിൽ ഹരി(22), അമൽ നിവാസിൽ വി.അമൽ(24), പുത്തൻവീട്ടിൽ അനന്ദു കൃഷ്ണൻ(24), ശ്രീനിലയം വീട്ടിൽ ദീപു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് മുതൽ മദ്യപിച്ചു ലക്കുകെട്ട യുവാക്കളുടെ പരാക്രമമായിരുന്നു. രാത്രി ഏഴരയോടെ ഏഴംകുളത്ത് നാട്ടുകാരുമായി കലഹിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥർ യുവാക്കളെ സ്ഥലത്തു നിന്നും ഒഴിവാക്കി വിട്ടു.

പക്ഷേ, ഏഴംകുളം ബാറിന് സമീപം വീണ്ടും നാട്ടുകാരുമായി സംഘർഷമായി. വീണ്ടുമെത്തിയ പൊലീസ് സംഘത്തെ ഇവർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. കല്ലേറിൽ സിപിഓമാരായ സന്ദീപ്, അൻസാജു എന്നിവർക്ക് പരുക്കേറ്റു. സന്ദീപിന്റെ കൈയ്ക്കും വയറിനുമാണ് പരുക്ക്. സന്ദീപിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അറുകാലിക്കൽ ക്ഷേത്രത്തിന് സമീപമെത്തി സംഘർഷം ഉണ്ടാക്കി. പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഏഴംകുളം ബാറിന് സമീപം നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പോഴും ഇവർ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസെത്തി കീഴ്പ്പെടുത്തി.

ജീപ്പിൽ കയറ്റുമ്പോഴും അക്രമാസക്തരായ യുവാക്കൾ പൊലീസിനെ മർദ്ദിക്കാൻ ശ്രമിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഇവരെ കീഴ്പ്പെടുത്തിയത്. എസ്ഐമാരായ എം. പ്രശാന്ത്, എൽ. അനൂപ്, സി.പി.ഓമാരായ സൂരജ്, മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തത്. യുവാക്കൾ പതിവായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തി. ഞായറാഴ്ച ഉച്ചമുതൽ ഇവർ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിൽ ഏഴംകുളം ആറുകാലിക്കൽ മേഖലകളിൽ സഞ്ചരിച്ച്, പ്രദേശവാസികളോടും മറ്റും സംഘർഷത്തിൽ ഏർപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുള്ള്ള്ളതായും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.