മലപ്പുറം: ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അയ്യായിരത്തോളം നിക്ഷപേകരിൽനിന്നായി 80കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നു ഇരകൾ. നിക്ഷേപത്തട്ടിപ്പിനെതിരെ ഇരകളുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. സ്ഥാപത്തിന്റെ 23ബ്രാഞ്ചുകളിൽ പണം നഷ്ടമായവരുടെ കണക്കുപ്രകാരമാണ് ഏകദേശം 80കോടിയോളം രൂപ നൽകാനുണ്ടെന്നു വ്യക്തമായതെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ധനകോടി നിധി ലിമറ്റഡിന്റേയും അധികാരികളായ എം.ജെ. സെബാസ്റ്റ്യൻ, മറ്റത്തിൽ യോഹന്നാൻ എന്നിവർ നടത്തിയ നിക്ഷേപത്തട്ടിപ്പാണിതെന്നും ഇരകൾ ആരോപിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളവലി അടഞ്ഞു കിടക്കുന്ന ധനകോടിയുടെ ഹെഡ് ഓഫീസും ബ്രാഞ്ച് ഓഫീസും തുറന്നുപ്രവർത്തിക്കാനും കമ്പനിക്കു ലഭിക്കേണ്ടതായ പെൻഡിങ് തുക പിരിച്ചെടുത്ത് നിക്ഷേപകർക്ക് നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇരകൾ ആവശ്യപ്പെട്ടു.

കമ്പനിയുടെ നിക്ഷേപത്തട്ടിപ്പ് പ്രകാരം തട്ടിയെടുത്ത തുക ലഭ്യമാക്കാൻ ആവശ്യമായ നിയമനടപടി സ്വീകരിക്കാനും മേൽപറഞ്ഞ തട്ടിപ്പു നടത്തിയവരെ നിയമത്തിനു മുന്നിൽകൊണ്ടുവരാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കമ്പനിയുടെ ഉടമകളിൽ ഒരാളായ മറ്റത്തിൽ യോഹന്നാൻ സ്വാധീനങ്ങൾ ഉപയോഗിച്ചു ഒളിവിൽ കഴിയുന്നതായും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന അശ്വതിയും ഒളിവിലാണെന്നും ഇരകൾ ആരോപിച്ചു. കമ്പനി പണ അപാഹരണ പ്രശ്്നത്തിൽപ്പെട്ട ശേഷം ഡയറക്ടർ ആയി മാറിയ സജി സെബാസ്റ്റ്യൻ എന്നയാൾ ജയിലിലാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കയ്യിലുള്ളതെല്ലം വിറ്റുപെറുക്കി പണം അടച്ച സധാരണക്കാരാണു ഇരകളായവരിൽ ഭൂരിഭാഗമെന്നും ഇതിനാൽ തന്നെ പണം തിരിച്ചുകിട്ടാൻ ഏതറ്റംവരെ തങ്ങൾ പോകുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പുല്ലൂർങ്ങാട്ടിൽ മൊയ്തു, അനീസ് ബാബു തുടങ്ങിയവർ പറഞ്ഞു.