തൊടുപുഴ: ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതലപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തിരുപ്പൂർ സ്വദേശി അബ്ദുള്ള (25) ആണ് മരിച്ചത്. വെള്ളത്തിൽ വീണ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാളെ രക്ഷപ്പെടുത്തി.

ഉച്ചയോടെയാണ് സംഭവം. ചെന്നൈയിൽ ഐടി രംഗത്ത് ജോലി ചെയ്യുന്ന 11 അംഗ സംഘമാണ് ഇടുക്കിയിൽ വിനോദ യാത്രയ്ക്ക് എത്തിയത്. മൂന്നാർ സന്ദർശിച്ച ശേഷമാണ് സംഘം മുതലപ്പുഴയാറിലെത്തിയത്. പുഴയിൽ മുങ്ങി താഴുന്നത് കണ്ട് അബ്ദുള്ളയെ കൂട്ടുകാർ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കിടെ ഇടുക്കിയിൽ ഉണ്ടാവുന്ന രണ്ടാമത്തെ മുങ്ങിമരണമാണിത്.