ആലപ്പുഴ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മാവേലിക്കര സ്വദേശികളായ അഭിമന്യു(15), ആദർശ്(17) എന്നിവരാണ് മരിച്ചത്. മാവേലിക്കര വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തിൽപ്പെട്ടത്. മൂന്നുപേരാണിവിടെ ഒന്നിച്ച് കുളിക്കാനിറങ്ങിയത്. ഒരാൾ നീന്തി രക്ഷപ്പെട്ടതായാണ് അറിയുന്നത്.

വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. ഇവർ കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു. പിന്നീട് കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു.