ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാർ ദോത്താവത്തിനും കേന്ദ്ര സർക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ തമിഴ്‌നാട് ഗവർണർക്കെതിരെയും കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മൂന്നു കൊല്ലമായി ചില ബില്ലുകൾ ഒപ്പിടാതെ വെക്കുന്നതിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്നാണ് കോടതി ചോദിച്ചത്. പഞ്ചാബ് സർക്കാർ ഗവർണർക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമർശനം മയപ്പെടുത്തിയില്ല .

ബില്ലുകൾ തടഞ്ഞു വച്ചുകൊണ്ടു ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല എന്ന് ബെഞ്ച് ഓർമിപ്പിച്ചു . തിരിച്ചയക്കുന്ന ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.