കോഴിക്കോട് : കോർപറേഷൻ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്തു മതിൽകെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പൊലീസ് ബലംപ്രയോഗിച്ചു നീക്കാൻ ശ്രമിച്ചതോടെ പ്രദേശത്തു വൻസംഘർഷം.

പ്രദേശവാസികളായ 41 പേരെ അറസ്റ്റ് ചെയ്തുനീക്കി. രണ്ടു പേർ കുഴഞ്ഞുവീണു. കുട്ടിയടക്കമുള്ളവർക്കു മർദനമേറ്റതായും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതായും നാട്ടുകാർ പറഞ്ഞു.

ജനവാസമേഖലയായ പള്ളിക്കണ്ടിയിൽ അഴീക്കൽ റോഡരികത്ത് കല്ലായി പുഴയോരത്തെ കണ്ടൽക്കാടിനോടു ചേർന്നുള്ള ഭാഗത്താണു ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ കോർപറേഷൻ ശ്രമിക്കുന്നത്. പ്രദേശത്തു തൽസ്ഥിതി തുടരണമെന്ന ഹൈക്കോടതി ഉത്തരവു കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

അതിനു തൊട്ടുപിറകെ ബുധനാഴ്ച മതിൽകെട്ടാൻ സംഘമെത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇന്നലെ കൂടുതൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്ലാന്റ് നിർമ്മാണത്തിനെതിരെ ഇന്നു തെക്കേപ്പുറത്ത് 57, 58, 59 വാർഡുകളിൽ ജനകീയ ഹർത്താൽ നടക്കും.