പത്തനംതിട്ട: അടൂരിൽ പോസ്റ്റ് ഓഫീസിലൂടെ പാഴ്സലിൽ എത്തിയ ഹാഷിഷ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് ഹാഷിഷ് പിടികൂടി. പാഴ്‌സൽ ഏറ്റുവാങ്ങാനെത്തിയ അടൂർ ചൂരക്കോട് അറവിളയിൽ വീട്ടിൽ അരുൺ വിജയനെ (27) പൊലീസ് അറസ്റ്റു ചെയ്തു. ഡാൻസാഫ് ടീമും ഏനാത്ത് പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാൾ വന്ന കാറും കസ്റ്റഡിയിലെടുത്തു.

ഹിമാചൽ പ്രദേശിൽ നിന്നാണ് അരുൺ വിജയന്റെ മേൽവിലാസത്തിൽ പാഴ്സൽ എത്തിയത്. അന്താരാഷ്ര്ട വിപണിയിൽ മൂന്ന് ലക്ഷത്തോളം വില വരുന്ന ഹാഷിഷാണ് പാഴ്‌സലായി എത്തിയത്. ജാക്കറ്റിനുള്ളിൽ പൊതിഞ്ഞ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാർസൽ.

പാഴ്‌സലിൽ നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുകു രൂപത്തിൽ ബോളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്തു ഉണ്ടായിരുന്നത്. പാഴ്‌സലായി ഹാഷിഷ് വരുന്നുവെന്ന വിവരം ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇക്കാര്യം ജില്ലാ നർകോട്ടിക് സെൽ ഡിവൈ. എസ്‌പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ. എ വിദ്യാധരന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത അരുൺ വിജയനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിവസ്തു എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാൾക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.

ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ കെ.ആർ. മനോജ് കുമാർ, എസ്‌ഐ ശ്യാമകുമാരി, ഡാൻസാഫ് എസ്‌ഐ അജി സാമൂവൽ, ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ അനൂപ്, ഏനാത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ രാധാകൃഷ്ണൻ, രമേശൻ, എസ്.സി.പി ഓ മുജീബ്, സി.പി.ഓ യുനിസ്, ഡാൻസാഫ് എഎസ്ഐ അജികുമാർ, സി.പി.ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് , നർകോട്ടിക് സെൽ യൂണിറ്റിലെ എസ്‌ഐ അനിൽ, എഎസ്ഐമാരായ മുജീബ് റഹ്മാൻ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.