തിരുവനന്തപുരം: കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിൻകാലയിൽ സ്വദേശി അജയകുമാറാണ് ബന്ധുവായ സുരേഷ്‌കുമാറിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. സുരേഷ് കുമാറും അജയകുമാറും തമ്മിലുള്ള വഴിത്തർക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. സുരേഷ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ പൂട്ടിയിട്ടു. ഈ സമയം സുരേഷ് കുമാറിന്റെ ഭാര്യയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. അഞ്ച് വയസുള്ള കുഞ്ഞിനെ കത്തി കാട്ടി അജയകുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പിന്നീട് വീട്ടിലെ സാധനങ്ങൾ കൂട്ടിയിട്ട് തീയിട്ടു. വാതിൽ തുറന്ന് ഓടി രക്ഷപ്പെട്ട വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.