കാസർഗോഡ്: കുമ്പള ബന്തിയോട്ടെ താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ. അടുക്ക ,ഒളാക്ക് സ്വദേശിനി സുഹറബിയെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പിടികൂടിയത്. പിടിയിലാകുന്ന സമയത്തും ഇവരുടെ കൈവശം 30 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.

എൻഡിപിഎസ് കേസിലെ മുൻ പ്രതി കൂടിയായ ഇവർക്കെതിരെ ജനരോഷം ഉയർന്നിരുന്നു. നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഇവരുടെ വീട്ടിലെത്തി ലഹരി വില്പന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടമ്മ വില്പന തുടരുകയായിരുന്നു. തുടർന്ന് നാട്ടുകാർ ലഹരി വിരുദ്ധ സമിതി ഉണ്ടാക്കുകയും ഇവരുടെ വീട്ടിലേക്ക് പ്രതിഷേധം മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവ സമയത്ത് കഞ്ചാവോ മറ്റു ലഹരിവസ്തുക്കളോ എക്‌സൈസിനോ പൊലീസിനോ കണ്ടെടുക്കാൻ സാധിക്കാത്തതുകൊണ്ട് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സാധിക്കുമായിരുന്നില്ല. പരസ്യമായി ത്രാസിൽ തൂക്കിയാണ് ഇവർ ഇവിടെ കഞ്ചാവ് വില്പന നടത്തിയിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ പോലും ഇവർ ലഹരി വിതരണത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. ബന്തിയോട് അടുക്കാൻ നിവാസികളുടെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ വിജയമാണ് യുവതിയുടെ അറസ്റ്റ് എന്ന് പ്രദേശവാസികൾ അവകാശപ്പെട്ടു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.