തിരുവനന്തപുരം: ജില്ലാ കമ്മിറ്റി ഓഫീസ് ആക്രണത്തിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായതോടെ ബിജെപിക്കും ആർഎസ്എസിനും എതിരായ ആരോപണം കടുപ്പിച്ച് സിപിഎം. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. ബിജെപി-ആർഎസ്എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.

അതേസമയം ജില്ലാ സെക്രട്ടറി ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഉണ്ടായത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങൾ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്നും എം വിജയരാജൻ ആരോപിച്ചു.

പാർട്ടി അണികൾ പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഭരണത്തിന്റെ അഹങ്കാരത്തിലുള്ള ആക്രമണമാണ് ബിജെപി നടത്തുന്നത്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ ക്ഷേത്രത്തിന്റെ കീഴിലുള്ള ആശുപത്രിയിലാണ്. ഈ ആശുപത്രിയുടെ നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. ക്ഷേത്ര കമ്മറ്റിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണെന്നും എം വിജയരാജൻ ആരോപിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടർച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. മുകളിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആക്രമണങ്ങളെന്നും ഇ.പി.ആരോപിച്ചു.