ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു. മുമ്പ് ഏഴ് യാത്രാ കപ്പലുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ ഒരു യാത്രാ കപ്പൽ മാത്രമാണ് ലക്ഷദ്വീപിലേയ്ക്കുള്ളതെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിലെ ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്നത് കപ്പൽ സർവീസുകളെയാണ്. ഇതിലെ ഗണ്യമായ കുറവ് കാരണം പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്രാ ദുരിതമാണ് ദ്വീപ്നിവാസികൾ അനുഭവിക്കുന്നത്. സർവീസ് നടത്തുന്ന ഏക കപ്പൽ തന്നെ സമയക്രമം പാലിക്കുകയും ചെയ്യുന്നില്ല. മുൻകൂർ ബുക്കിങ് സൗകര്യമുള്ള കുറച്ച് വിമാന സർവീസുകൾ ലക്ഷദ്വീപിലേക്കുണ്ട്. പക്ഷേ, ഉയർന്ന യാത്രാ നിരക്ക് കാരണം വിമാനയാത്ര ലക്ഷദ്വീപ് നിവാസികൾക്ക് അസാധ്യമാവുകയാണ്- എംപി ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് രോഗികളാണ് യാത്രാ സൗകര്യങ്ങളുടെ ദൗർലഭ്യം മൂലം വലയുന്നത്. വിദഗ്ധ ചികിൽസയ്ക്കും മറ്റുമായി കേരളത്തിലേക്ക് വരേണ്ടവരും തിരിച്ചു പോകേണ്ടവരും ബുദ്ധിമുട്ടുകയാണ്. ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകൾക്കു പുറമെ ചരക്കുകളുടെ വിനിമയവും പ്രതിസന്ധിയിലായിണ്. അതിനാൽ ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് കൃത്യമായ പരിഹാരം കാണണമെന്നും ജോൺ ബ്രിട്ടാസ് എംപി കത്തിൽ പറഞ്ഞു.