കോഴിക്കോട്: കേരള സംസ്ഥാന പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു എത്തുന്നത് വിവാദത്തിന് പുതിയ തലം നൽകി. സുപ്രീം കോടതിയിൽ ഹർജി നൽകിയത് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ രക്ഷിക്കാനാണെന്ന ആരോപണത്തിൽ സംവിധായകൻ ലിജീഷ് നിലപാട് വ്യക്തമാക്കണമെന്ന് ജോയ് മാത്യു പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ വിനയന്റെ ആരോപണം സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കുമെന്നും നടൻ വ്യക്തമാക്കി.

സ്വന്തം നിലയ്ക്കാണോ മറ്റാർക്കെങ്കിലും വേണ്ടിയാണോ ഹർജി നൽകിയതെന്ന് ലീജീഷ് പറയണമെന്ന് ജോയ് മാത്യു ആവശ്യപ്പെട്ടു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിനയുടെ സമരത്തിന്റെ 100-ാം ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് എത്തിയതാണ് ജോയ് മാത്യു. അതീവ ഗുരുതര ആരോപണത്തിലാണ് പ്രതികരിക്കുന്നത്. വിനയനെ പിന്തുണയ്ക്കാതെയാണ് ജോയ് മാത്യു പ്രതികരിക്കുന്നത്. കഴമ്പില്ലാത്ത ആരോപണമാണ് വിനയൻ ഉന്നിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

ആവാർഡിനേ കഴമ്പില്ല. വിനയന്റെ ആരോപണത്തിനും. എന്നാൽ ഇക്കാര്യത്തിൽ ലിജീഷ് നിലപാട് പൊതു സമൂഹത്തോട് പറയണം. അല്ലാത്ത പക്ഷം വിനയന്റെ ആരോപണം ശരിയാണെന്ന് ജനം തെറ്റിധരിക്കും-ഇതായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. നീതി നിഷേധിക്കപ്പെട്ട അമ്മയുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ് സമരത്തിന് പിന്തുണയുമായി എത്തിയതെന്നും ജോയ് മാത്യു പറഞ്ഞു. 'സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കലാകാരന്മാർ വിചാരിക്കുന്നു. അവർ മനസ്സിലാക്കേണ്ടത് സാധാരണക്കാരുടെ പണം കൊണ്ടാണ് ഇതെല്ലാം നിലനിൽക്കുന്നത് എന്നാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. നീതി വൈകിപ്പിക്കുന്നത് കുറ്റക്കാരെ രക്ഷിക്കുന്നതിന് തുല്യമാണ്. ഹർഷിനയ്ക്ക് നീതി കിട്ടേണ്ടത് നാടിന്റെ ആവശ്യമാണ് ', ജോയ് മാത്യു പറഞ്ഞു. ഗ്രോ വാസുവിനെ മോചിപ്പിപ്പക്കണമെന്ന സമരത്തിനും ജോയ് മാത്യു ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെയാണ് കേരള സംസ്ഥാന പുരസ്‌കാര വിവാദത്തിൽ പ്രതികരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ആരാഞ്ഞു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഹർജിക്കാരൻ അവാർഡ് നിർണയത്തിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുകയാണെന്ന് വിനയൻ ആരോപിച്ചിരുന്നു. ഇത്തരം വാർത്തകളിലൂടെ താൻ തെറ്റുകാരനല്ലെന്ന് വരുത്തി തീർക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ലക്ഷ്യമെന്നും വിനയൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.