കൊച്ചി : 'വാറന്റി കാലയളവില്‍ സ്‌കൂട്ടര്‍ തുടര്‍ച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളും സര്‍വീസ് സെന്ററും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി.

എറണാകുളം സ്വദേശി നിധി ജയിന്‍, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടേഴ്സ് ലിമിറ്റഡ് , സര്‍വീസ് സെന്റര്‍ ആയ മുത്തൂറ്റ് മോട്ടോഴ്‌സ് പാലാരിവട്ടം എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2018 മാര്‍ച്ചില്‍ ആണ് 67,000/ രൂപ കൊടുത്ത് ഒരു വര്‍ഷത്തെ വാറന്റിയോടെ പരാതിക്കാരി സ്‌കൂട്ടര്‍ വാങ്ങിയത്. അധികം താമസിയാതെ തന്നെ സ്‌കൂട്ടറില്‍ നിന്നും വലിയ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പല പ്രാവശ്യം സര്‍വീസ് സെന്ററില്‍ പോയി റിപ്പയര്‍ ചെയ്‌തെങ്കിലും വീണ്ടും തകരാറിലായി. സ്‌കൂട്ടറിന്റെ പല സുപ്രധാനമായ ഭാഗങ്ങളും മാറ്റി പുതിയത് വയ്‌ക്കേണ്ടിവന്നു.

ഈ സാഹചര്യത്തിലാണ് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായ തകരാറ് നിര്‍മ്മാണപരമായ ന്യൂനത കൊണ്ടാണ് എന്ന് പരാതിപ്പെട്ട് സ്‌കൂട്ടറിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതിക്കാരി കോടതി സമീപിച്ചത്. എന്നാല്‍, വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നും അതിനാലാണ് സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കാതിരുന്നതെന്നും പണം നല്‍കിയാല്‍ സര്‍വീസ് ചെയ്ത് നല്‍കാം എന്ന നിലപാടാണ് സര്‍വീസ് സെന്റര്‍ കോടതി മുമ്പാകെ സ്വീകരിച്ചത്. എന്നാല്‍ വാറന്റി കാലയളവില്‍ തന്നെ റിപ്പയര്‍ ചെയ്യാന്‍ വിസമ്മതിച്ചുവെന്നും മറ്റ് വര്‍ക്ക് ഷോപ്പുകളില്‍ കൊണ്ടുപോയി റിപ്പയര്‍ ചെയ്യേണ്ടിവന്നു എന്നാണ് പരാതിക്കാരി പറയുന്നത്.

' നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മികച്ച സേവനവും ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നത് ഓരോ നിര്‍മ്മാതാക്കളുടെയും സേവന ദാതാക്കളുടെയും നിയമപരമായ ചുമതലയാണ്. ഇത് ലംഘിക്കപ്പെട്ടതിനാല്‍ നീതി തേടി എത്തിയ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യമെന്ന് ഡി. ബി. ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബഞ്ച് നിരീക്ഷിച്ചു.

സ്‌കൂട്ടറിന്റെ വിലയായ 67,740/ രൂപയും 15,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ് എന്നിവ എതിര്‍കക്ഷികള്‍ 45 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അഡ്വ. ടേം ജോസഫ് പരാതിക്കാരിക്കുവേണ്ടി ഹാജരായി.