പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവാവിനെ തടിക്കഷണം കൊണ്ട് മർദ്ദിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും. കോട്ടയം ആഴക്കൂട്ടം വല്ലൂർ വിളയിൽ വീട്ടിൽ താമസിച്ചുവന്ന തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്റി(30) നെ കൊലപ്പെടുത്തിയ തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാകോട് കോളനിയിൽ പ്രകാശി(39)നെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 1 ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.

2011 ൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ക്ലമെന്റിന്റെ പിതാവിനോ മാതാവിനോ നൽകണം. പ്രകാശിനും മറ്റു തൊഴിലാളികൾക്കും ഒപ്പം താമസിച്ച് ടാറിങ് ജോലി ചെയ്തു വരികയായിരുന്നു ക്ലമെന്റ്. 2011 മെയ്‌ ആറിന് പകൽ ഇരുവരും മദ്യപാനത്തിനിടെ വഴക്കുണ്ടായി. വൈകിട്ട് വാക്കുതർക്കവും തുടർന്ന് അടിപിടിയും നടന്നു. പിറ്റേന്ന് പുലർച്ചെ നാലു മണിയോടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് തടിക്കഷണം കൊണ്ട് തലക്കടിക്കുകയായിരുന്നു. താഴെ വീണ ക്ലമന്റിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോന്നി എസ്‌ഐ മാരായിരുന്ന സാം ടി. സാമൂവൽ, എസ്. ന്യൂമാൻ എന്നിവരും തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ടി.എ. ആന്റണിയും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.