തിരുവനന്തപുരം: നോട്ട് നിരോധനം ശരിവെച്ച സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണ്. മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.വിധി ഒരു അക്കാദമിക് എക്‌സർസൈസ് മാത്രമാണ്.നോട്ട് നിരോധനം നടപ്പാക്കിയത് സംബന്ധിച്ച നടപടി ക്രമങ്ങളിൽ കോടതിക്കും ഭിന്ന അഭിപ്രായം ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തു .ഇനി അത്തരം നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016 നവംബർ എട്ടിന് രാജ്യത്തെ അക്ഷരാർത്ഥത്തിൽ അമ്പരിപ്പിച്ച നോട്ട് നിരോധന പ്രഖ്യാപനം. ഒരു രാത്രിയോടെ വെറും കടലാസ് കഷ്ണങ്ങളായി മാറിയ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ.പഴയ നോട്ടുകൽ മാറിയെടുക്കാൻ നൽകിയത് അൻപത്തി രണ്ട് ദിവസത്തെ സാവകാശം.ജനം നേരിട്ടത് സമാനകളില്ലാത്ത പ്രതിസന്ധി കള്ളപ്പണം തടയൽ, തീവ്രവാദ ഫണ്ടിംഗിനെ ചെറുക്കൽ തുടങ്ങിയ ന്യായീകരണങ്ങൾ സർക്കാർ നടത്തി. പിന്നീട് വന്ന തെരഞ്ഞെടുപ്പുകളിൽ നടപടി തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയർന്നെങ്കിലും മോദിക്ക് തുടർഭരണം കിട്ടി.ഏതാണ്ട് സമാന അനുഭവമാണ് നടപടിയെ ഇന്ന് സുപ്രീകോടതി ശരിവയ്ക്കുമ്പോൾ കേന്ദ്രത്തിനുള്ളത്.

അക്കാദമിക് താൽപര്യത്തിനപ്പുറം വിഷയത്തിൽ കോടതിക്ക് യാതൊരു ഇടപെടലും നടത്താനാവില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ഉടച്ച് കലക്കിയ മുട്ട പഴയ രൂപത്തിലാക്കാൻ കഴിയുമോയെന്ന ചോദ്യം പോലും ഒരു വേള കേന്ദ്രം ഉന്നയിച്ചു. സാമ്പത്തിക രംഗത്തെ ശക്തമാക്കിയ നടപടി,ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു തുടങ്ങിയ വാദങ്ങളും കേന്ദ്രം കോടതിയിൽ ഉന്നയിച്ചു. എന്നാൽ കള്ളപ്പണ വിനിമയം തടയാനായെന്ന കേന്ദ്രത്തിന്റെ അവകാശ വാദത്തെ കണക്കുകൾ നിരത്തിയാണ് ഹർജിക്കാർ കോടതിയിൽ നേരിട്ടത്.

2016ൽ പിടികൂടിയത് 15.82 കോടിയുടെ കള്ളപ്പണമാണെങ്കിൽ, കഴിഞ്ഞ സാമ്പത്തിക വർഷം 20.39 കോടിയുടെ കള്ളപ്പണം പിടികൂടിയെന്ന് ഹർജിക്കാർ വാദിച്ചു. നിരോധിച്ചതിൽ 99.3 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന കണക്കും സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്യുന്നതായി. പാർലെമന്റിനെ പാടേ അകറ്റി നിർത്തി എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കിയെന്ന ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിധിയിലെ നിരീക്ഷണം പ്രതിപക്ഷ നിലപാടിനെ ശരിവയ്കുന്നതായി.