തിരുവനന്തപുരം:സംസ്ഥാന സർക്കാർ കർഷകരോട് കാട്ടുന്നത് തികഞ്ഞ അവഗണനയും അനീതിയുമാണെന്ന വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി.മാധ്യമങ്ങൾക്കും മൈക്കുകൾക്കും മുന്നിൽ കർഷക ക്ഷേമത്തെ കുറിച്ച് അധരവ്യായമം നടത്തുന്ന സിപിഎമ്മും എൽ.ഡി.എഫ് സർക്കാരും ആത്മാർഥയുണ്ടെങ്കിൽ കാർഷിക കടാശ്വാസ കമീഷന് നൽകാനുള്ള കോടികളുടെ കുടിശ്ശിക ഉടൻ നൽകുകയാണ് വേണ്ടത്.കമ്മീഷൻ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും നൽകേണ്ട തുക 400 കോടി കഴിഞ്ഞിട്ടും എൽ.ഡി.എഫ് സർക്കാരിന് അനങ്ങാപ്പാറ നയമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവിനും ആർഭാടത്തിനുമായി കോടികൾ പൊടിക്കുമ്പോഴാണ് കർഷകരോടുള്ള കടുത്ത അവഗണനയും അനീതിയും സർക്കാർ തുടരുന്നത്. ദുരിതം അനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ എന്ന ഉദ്ദേശലക്ഷ്യത്തോടെ തുടങ്ങിയ കാർഷിക കടാശ്വാസ കമീഷൻ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് നോക്കുകുത്തിയായി മാറി. നിത്യനിദാന ചെലവുകൾക്ക് പോലും സർക്കാർ പണം അനുവദിക്കാതെ താഴിട്ട് പൂട്ടേണ്ട അവസ്ഥയിലാണ് കർഷക കടാശ്വാസ കമീഷനെന്നും സുധാകരൻ പരിഹസിച്ചു.

കർഷകർക്ക് കമീഷൻ അനുവദിക്കുന്ന സാമ്പത്തിക സഹായം സഹകരണ ബാങ്കുകൾക്ക് സർക്കാരാണ് നൽകേണ്ടത്.എന്നാൽ കർഷകർ അവരുടെ വിഹിതം അടച്ചിട്ടും സർക്കാർ തുക അനുവദിക്കാത്തതിനാൽ കർഷകർ ഈടായി നൽകിയ വസ്തുവിന്റെ ആധാരം ബാങ്കുകൾ തിരികെ നൽകുന്നില്ല. ഇത് കർഷകരുടെ ദുരിതം ഇരട്ടിയാക്കി. ബാങ്കുകളിൽ നിന്നും ആധാരം ലഭിക്കാത്തിനാൽ കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ലോൺ എടുക്കാൻ കഴിയാത്ത ഗതികേടിലാണ് കർഷകൻ.

പ്രകൃതിക്ഷോഭം മൂലം കാർഷിക വിളകൾ നശിക്കുകയും വരുമാനം നഷ്ടമായി വായ്പ തിരിച്ചടക്കാൻ കഴിയാതെയും വലിയ പ്രതിസന്ധിയിലാണ് കർഷകർ. കടം കേറി മുടിയുന്ന കർഷകൻ കയറിലും കീടനാശിനിയിലും ജീവിതം അവസാനിപ്പിക്കുമ്പോൾ മുതലക്കണ്ണീർ ഒഴുക്കുക മാത്രമാണ് സർക്കാരും സിപിഎം നേതാക്കളും ചെയ്യുന്നത്.കർഷകരുടെ വിഷയത്തിൽ സർക്കാരിന് ഒരു ഉത്കണ്ഠയുമില്ല. കർഷക വഞ്ചന അവസാനിപ്പിച്ച് കർഷകരെ ആത്മഹത്യയുടെ വക്കിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരും മുഖ്യമന്ത്രിയും തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.