തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പിണറായിക്കും കൂട്ടർക്കും സ്വന്തം പാർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജനസഭ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. പിണറായിക്ക് പണം പണം എന്ന ചിന്ത മാത്രമാണുള്ളത് എന്നാണ് പറഞ്ഞത്. സംസ്ഥാന സർക്കാർ ഒരു ശാപമായി മാറിയിരിക്കുന്നു. സ്വന്തം പാർട്ടിക്കാരുടെ വോട്ട് പോലും നേടാൻ പിണറായിക്കും കൂട്ടർക്കും സാധിക്കില്ല. മോദി-പിണറായി സർക്കാരുകൾ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ജനഹൃദയത്തിൽ യുഡിഎഫ് സാമ്രാജ്യം കെട്ടിപ്പടുക്കും. കോൺഗ്രസും യുഡിഎഫും അധികാരത്തിൽ മടങ്ങിയെത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.