കണ്ണൂർ: കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാത്തതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോലി ചെയ്താൽ കൂലി കൊടുക്കണം. അല്ലാതെ കൂപ്പണും റേഷനും കൊടുക്കുന്നത് ശരിയായ നിലപാടല്ല. കെഎസ്ആർടിസിയിൽ സമരം ചെയ്യാനുള്ള ആരോഗ്യം സിപിഐക്കില്ലെന്നും കാനം കണ്ണൂരിൽ പറഞ്ഞു.

'ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാത്തതിരിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്. ജോലി ചെയ്താൽ കൂലി കൊടുക്കണം. അത് ആര് കൊടുക്കണമെന്നത് മാനേജ്മെന്റും സർക്കാരും ആലോചിക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കാം, റേഷൻ കടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാമെന്നൊക്കെ പറയുന്നതിൽ യാതൊരു അർഥവുമില്ല. ജോലി സമയം കൂട്ടുന്നതിൽ ഒരു ട്രേഡ് യൂണിയനും യോജിക്കുന്നില്ലെന്നും'- കാനം പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് പകരം കൂപ്പൺ നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അൻപത് കോടി രൂപ നൽകാമെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് കോടതി നിർദ്ദേശം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയിലെ മൂന്നിലൊന്ന് നൽകാനാണ് സർക്കാരിനുള്ള ഹൈക്കോടതി നിർദ്ദേശം. ശമ്പള കുടിശികയുടെ ഒരു ഭാഗം കൺസ്യുമർ ഫെഡിന്റെ കൂപ്പണായി അനുവദിക്കാമെന്നും സർക്കാർ അറിയിച്ചു.