കോതമംഗലം: കെഎസ്ഇബി അധികൃതർ വെട്ടി നശിപ്പിച്ച വാരപ്പെട്ടിയിലെ കാവുംപുറം വീട്ടിൽ അനീഷ് തോമസിന്റെ വാഴത്തോട്ടം കേരള കർഷക സംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇന്ന് രാവിലെ എത്തിയ സംഘം ഏറെനേരം കൃഷിയിടത്തിൽ ചിലവഴിച്ചു. വിശ്വസിക്കാൻ കഴിയാത്ത സംഭവമായതിനാലാണ് നേരിട്ടെത്തിയതെന്നും കർഷകനോട് മുൻകൂട്ടി ഒന്ന് പറയാൻ പോലും തയ്യാറാകാത്ത അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വാഴ ലൈനിൽ മുട്ടിനിൽക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. അങ്ങനെയാണെങ്കിൽ തന്നെ ആ ഭാഗം മാത്രം വെട്ടിമാറ്റുന്നതിന് പകരം കൃഷിത്തോട്ടം ആകെ നശിപ്പിച്ചിരിക്കുകയാണ്. സമീപവാസികളാരും ഇത്തരത്തിൽ ഇലക്ട്രിക് ലൈനിൽ തട്ടുന്നതിനെപ്പറ്റി പറഞ്ഞിട്ടില്ല.

406 കുലച്ച വാഴ നശിപ്പിച്ചതോടെ നാലുലക്ഷം രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായിട്ടുള്ളത്. സ്വർണം പണയപ്പെടുത്തി സ്വരൂപിച്ച രണ്ട് ലക്ഷം കൊണ്ടാണ് കൃഷിയാവശ്യത്തിനായി മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ചത്. അങ്കമാലിയിൽ നിന്ന് 22 രൂപ നിരക്കിൽ സ്വർണമുഖി ഇനം വാഴ തൈകളാണ് കൃഷി ചെയ്തത്.

കൃഷി നശിപ്പിച്ച ഏത് ഉദ്യോഗസ്ഥനായാലും നടപടി സ്വീകരിക്കുകയും കർഷകന് നഷ്ടപരിഹാരം നൽകുകയും വേണം. നോട്ടീസ് പോലും കൊടുക്കാത്ത നടപടി അങ്ങേയറ്റം പ്രതിഷേധവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തിയാണെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

കർഷക സംഘം ജില്ലാ പ്രസിഡന്റ്് ആർ അനിൽകുമാർ, സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കർഷക സംഘം ഏരിയാ സെക്രട്ടറി കെ ബി മുഹമ്മദ്, സിപിഐ എം ലോക്കൽ സെക്രട്ടറി എം പി വർഗീസ്, വില്ലേജ് സെക്രട്ടറി വി കെ റെജി, പ്രസിഡന്റ്് കെ ഗോപി, വാരപ്പെട്ടി ബാങ്ക് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.