കഴക്കൂട്ടം: ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടാൻ കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിൽ ഇരുത്തി കഴക്കൂട്ടത്ത് കാർ യാത്ര നടത്തിയത്.

കുട്ടിയെ ജീപ്പിന്റെ മുൻവശത്ത് ബോണറ്റിനു മുകളിൽ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ആറ്റിങ്ങൽ സ്വദേശിയാണ് വാഹനത്തിന്റെ ഉടമ. ജീപ്പ് ഓടിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടർ വാഹന വകുപ്പും കേസെടുക്കും.