കണ്ണൂർ: കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസ് അയച്ചതിന്റെ പേരിലല്ലെന്ന് കേരള ബാങ്ക്. ആത്മഹത്യ ചെയ്ത കൊളക്കാട് മുണ്ടക്കൽ എം.ആർ ആൽബർട്ടിന്റെ പേരിൽ കേരള ബാങ്കിന്റെ ഒരു ശാഖയിലും നിലവിൽ വായ്പകളൊന്നും തന്നെയില്ല എന്ന് ബാങ്ക് വിശദീകരണക്കുറിപ്പിൽ പറയുന്നു.

അതേസമയം, ആൽബർട്ടിന്റെ ഭാര്യ അൽഫോൻസ് ഉൾപ്പെടുന്ന അഞ്ചംഗ് ജെഎൽജി ഗ്രൂപ്പിന് 2019 ജൂലായ് 12ന് കേരള ബാങ്കിലെ പേരാവൂർ ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വ്യക്തിഗത ജാമ്യത്തിൽ വായ്പ അനുവദിച്ചിരുന്നു. അതിൽ 2,20,040 രൂപ കുടിശിക ആയതിനാൽ ശാഖയിൽ നിന്നും ആൽബർട്ടിന്റെ ഭാര്യ അടക്കം അഞ്ച് പേർക്കും റവന്യു റിക്കവറിക്ക് നോട്ടീസ് നൽകുന്നതിന് മുൻപുള്ള സാധാരണ നോട്ടീസ് നവംബർ 18ന് നൽകിയിരുന്നു. ഈ വായ് പയിൽ ഒരാളുടെ ബാധ്യത വരുന്നത് 40,408 രൂപയാണെന്നും ബാങ്ക് വിശദീകരിക്കുന്നു.

വായ്പ തിരിച്ചടച്ചില്ലെങ്കിൽ വീടും വസ്തുവും ജപ്തിചെയ്യുമെന്ന് കാണിച്ചുള്ള നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു 73കാരനായ ആൽബർട്ട്. ഭാര്യ രാവിലെ പള്ളിയിൽ പോയ സമയത്തായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്.