തിരുവനന്തപുരം: കോവളത്ത് കൂനംതുരുത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ നടന്ന വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ശിക്ഷാ തടവുകാരനായ ഒന്നാം പ്രതി ഉമേഷിന് പ്രൊഡക്ഷൻ വാറണ്ട്. ജനുവരി 16 ന് കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

നെയ്യാറ്റിൻകര രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്നേ ദിവസം കൂട്ടുപ്രതിയായ ബന്ധു ജയപാലൻ, ഉമേഷിന്റെ സുഹൃത്ത് പ്രസാദ് എന്നിവർ ഹാജരാകാൻ സമൻസ് ഉത്തരവും കോടതി പുറപ്പെടുവിച്ചു. ഉമേഷ് , പ്രസാദ് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323 ( ദേഹോപദ്രവമേൽപ്പിക്കൽ) , 195 എ (കള്ള തെളിവു നൽകാൻ സാക്ഷിയെ ഭീഷണിപ്പെടുത്തൽ) , 294 (ബി) (അസഭ്യം വിളിക്കൽ) , 341 (തടഞ്ഞു നിർത്തൽ) , 506 (ഭയപ്പെടുത്തൽ) , 34 ( കൂട്ടായ്മ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്താണ് ഹാജരാക്കാൻ ഉത്തരവിട്ടത്. ഉമേഷിന്റെ ബന്ധു ജയപാലനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 195 എ (കള്ള തെളിവു നൽകാൻ സാക്ഷിയെ ഭീഷണിപ്പെടുത്തൽ) , 506 (ഭയപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കലണ്ടർ കേസെടുത്തത്.

കള്ളമൊഴി പറയാനാവശ്യപ്പെട്ട് മർദ്ദിക്കുകയും യഥാർത്ഥ മൊഴി പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഡിസംബർ 6 ന് ഒന്നാം പ്രതി ഉമേഷിനെയും രണ്ടാം പ്രതി ഉദയകുമാറിനെയും മരണം വരെ ഇരട്ട ജീവപര്യന്ത തടവും 1,65,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചിരുന്നു. തിരുവല്ലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ 2 കേസുകളിലായി 2 കുറ്റപത്രങ്ങൾ സമർപ്പിച്ചത്. മൃതദേഹം ആദ്യം കണ്ടെത്തി പൊലീസിൽ വിവരമറിയിച്ച ഒന്നാം സാക്ഷി തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ ഭീഷണിപ്പെടുത്തിയതിന് 2022 മെയ് 27 ന് എടുത്ത കേസിലാണ് ഉമേഷിന്റെ ബന്ധു ജയപാലനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

ഒന്നാം സാക്ഷിയെ മൊഴി മാറ്റാൻ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് ഒന്നാം പ്രതി ഉമേഷിന്റെ ബന്ധു ജയപാലനെതിരെ തിരുവല്ലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ലം തിനവിള പുത്തൻ വീട്ടിൽ ജയപാലനെ (54) യാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഇയാൾ പ്രതികളുടെ ബന്ധുവാണ്. പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂൺ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവർക്കെതിരെ പൊലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചാൽ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പൊലീസ് മെയ് 27 ന് കേസെടുത്തത്.

പ്രതികളെ ശിക്ഷിക്കാൻ കാരണമായ നിർണ്ണായക രഹസ്യമൊഴി നൽകിയ മൂന്നാം സാക്ഷി വാഴമുട്ടം സ്വദേശി സൂരജിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയതിനും തടഞ്ഞു നിർത്തി മർദ്ദിച്ചതിനും തിരുവല്ലം പൊലീസ് ഉമേഷിനെയും സുഹൃത്ത് പ്രസാദിനെയും 2022 ൽ അറസ്റ്റ് ചെയ്ത കേസിലാണ് രണ്ടാം കുറ്റപത്രം സമർപ്പിച്ചത്. തിരുവല്ലം ചെന്തിലാക്കരി കണ്ടൽകാടിനുള്ളിൽ ചീഞ്ഞഴിഞ്ഞ നിലയിൽ ഉടൽ വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടതെന്ന് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ ഒന്നാം സാക്ഷിമൊഴി നൽകി. വിചാരണ തുടങ്ങിയ 2022 ജൂൺ 2 നാണ് പൊതുപ്രവർത്തകനും തിരുവനന്തപുരം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും വണ്ടിത്തടം ശാന്തിപുരം സ്വദേശിയുമായ പ്രദീപ് സാക്ഷിമൊഴി നൽകിയത്.