തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ആദ്യം മുതൽ വാദം കേൾക്കാനുറച്ച് ലോകായുക്ത ഫുൾ ബെഞ്ച്. മന്ത്രിസഭാ തീരുമാനം കൂട്ടായ തീരുമാനമെന്നും മന്ത്രിമാരുടെ വ്യക്തിപരമായ തീരുമാനമല്ലെന്നുമാണ് ലോകായുക്തയുടെ സുപ്രധാന നിരീക്ഷണം. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയ പണം ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യത്തിലാണ് ലോകായുക്തയുടെ നിരീക്ഷണം.

അതേസമയം കേസിൽ ആദ്യം മുതൽ വാദം കേൾക്കുന്നതിനെ വാദി എതിർത്തു. നിയമപരമായല്ല പണം നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. പത്രം വായിച്ചിട്ടല്ല, വിവരങ്ങൾ ശേഖരിച്ചിട്ടാണ് പരാതി നൽകിയതെന്നും പരാതിക്കാരൻ വ്യക്തമാക്കി.

ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ഷാജിയും ഹാജരാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നൽകി എന്നതാണ് ലോകായുക്തക്ക് മുന്നിലുള്ള പരാതി. ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹർക്ക് സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ 18 മന്ത്രിമാർക്കും എതിരെയായിരുന്നു പരാതി.

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.