കോഴിക്കോട്: ജൂവലറിയിൽ നിന്നും ദമ്പതികൾക്ക് നഷ്ട്ടപ്പെട്ട സ്വർണം ഒരുവർഷത്തിന് ശേഷം അതേ കടയിൽ നിന്നും തിരികെ ലഭിച്ചു.കോഴിക്കോട് മുക്കത്തെ ജൂവലറിയിൽ മറന്ന് വെച്ച സ്വർണ്ണമാണ് ദമ്പതികൾക്ക് അപ്രതീക്ഷിതമായി തിരികെ ലഭിച്ചത്.

2021 നവംബറിലാണ് ദമ്പതികളായ ജയദേവിനും ബ്രിജിറ്റയ്ക്കും പുതിയ സ്വർണം വാങ്ങാനെത്തിയപ്പോൾ പഴയ സ്വർണം നഷ്ടപ്പെട്ടത്.മുക്കം കെ എം സി ടി മെഡിക്കൽ കോളജിലെ അദ്ധ്യാപക ദമ്പതികളായ ഇവർ മുക്കം ശ്രീരാഗം ജൂവലറിയിലാണ് സ്വർണം വാങ്ങാനെത്തിയത്.ജൂവലറിയിൽ നിന്നും പുതിയ സ്വർണം വാങ്ങി പോയെങ്കിലും കയ്യിലുണ്ടായിരുന്ന സ്വർണ്ണത്തിൽ ചിലതു അവിടെ മറന്നുവെക്കുകയായിരുന്നു.ഇവർ പോയ ശേഷം ഏറെ നേരം കഴിഞ്ഞാണ് ജൂവലറി ജീവനക്കാർക്ക് ഈ സ്വർണം ലഭിക്കുന്നത്.സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഇത് ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് ജൂവലറി ഉടമയായ ഷാജി ഈ സ്വർണം സൂക്ഷിച്ചു വെക്കുകയായിരുന്നു.

ദമ്പതിക്കൾക്കാവട്ടെ എവിടെ വച്ചാണ് സ്വർണം നഷ്ട്ടപ്പെട്ടതെന്നു പോലും അറിയാൻ കഴിഞ്ഞിരുന്നില്ല.പോയ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ജൂവലറിയുടെ കാര്യം മാത്രം ഓർത്തില്ല.ഒരു വർഷത്തിനിപ്പുറം ബുധനാഴ്ച ദമ്പതികൾ വീണ്ടും സ്വർണം വാങ്ങാൻ ജൂവലറിയിലെത്തിയപ്പോൾ യാദൃശ്ചികമായി സ്വർണം നഷ്ട്ടപ്പെട്ട വിവരം ഇവർ പറയുകയായിരുന്നു.തുടർന്നാണ് സ്വർണം ഇവർക്ക് തിരിച്ചു കിട്ടിയത്.സ്വർണ്ണ ഉരുപ്പടികൾ തിരിച്ചറിഞ്ഞ ശേഷം രണ്ടു വളകളും ഒരു ബ്രേസ്ലെറ്റും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ ജൂവലറി ഉടമ ദമ്പതികൾക്ക് കൈമാറി.