കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവർത്തനം തടസപെടുത്തുകയും ചെയ്ത് സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊച്ചി ഓഫീസിലുണ്ടായത് എസ് എഫ് ഐയുടെ പ്രതിഷേധമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. പ്രതിഷേധം എത്രത്തോളമാകാമെന്നതാണ് പ്രധാനം. ഇക്കാര്യം പരിശോധിക്കാമെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ സർക്കാറിനും സിപിഎമ്മിനുമെതിരെ രംഗത്തെത്തി. മാധ്യമ സ്ഥാപനത്തിന് നേരെയുണ്ടായ അതിക്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റപ്പെടുത്തി. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ അതിക്രമം ഗൗരവതരമാണെന്ന് കെ മുരളീധരൻ എംപിയും പ്രതികരിച്ചു. സിപിഎമ്മിന്റെ ഇംഗിതത്തിന് വിരുദ്ധമായി വാർത്ത വരുന്നതിന്റെ പേരിൽ മാധ്യമങ്ങൾ കേരളത്തിൽ ആക്രമിക്കപ്പെടുന്നു. ഇതിന്റെ അർത്ഥം കേരളത്തിലും മാധ്യമ സ്വാതന്ത്ര്യമില്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അതിക്രമ പ്രവണത അവസാനിപ്പിക്കണമെങ്കിൽ സർക്കാർ കർശന നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ എല്ലാ ചാനൽ ഓഫീസുകളിലും ഈ അവസ്ഥ ഉണ്ടാകും. വാർത്ത നൽകാൻ കഴിയാത്ത സ്ഥിതി വരും. ഗൗരി ലങ്കേഷിന്റെ കൊലപാതകം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമായാണ് കണക്കാക്കിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ അക്രമവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള എസ്എഫ്‌ഐ അതിക്രമത്തെ ടി എൻ പ്രതാപൻ എംപിയും ശക്തമായി അപലപിച്ചു. സത്യം ജനങ്ങളോട് തുറന്നു പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന് നേരെ ഉണ്ടായത് അസഹിഷ്ണുതയുടെ കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. നേര് പറയുന്ന മാധ്യമങ്ങളെ കയ്യൂക്ക് കാണിച്ച് നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ആപത്താണെന്നും പ്രതാപൻ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ അക്രമം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും സിപിഎം തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പെടുത്തുക എന്ന നയമാണ് അക്രമത്തിന് പിന്നിൽ. ആരും ചോദിക്കില്ല എന്ന് ഉറപ്പു കിട്ടിയതു കൊണ്ടാണ് മാധ്യമ സ്ഥാപനത്തിൽ കയറാൻ അക്രമികൾ ധൈര്യപ്പെട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവർത്തനം തടസപെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് അഞ്ച് വകുപ്പുകൾ ചുമത്തി. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്.

അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫീസി്‌നറെ പ്രവർത്തനങ്ങൾ തടസപ്പടുത്തിയെന്നും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. പ്രതികൾ ന്യായവിരുദ്ധമായി സംഘം ചേർന്നു, മുദ്യാവാക്യം വിളിച്ച് ഓഫീസിനുള്ളിൽ യോഗം സംഘടിപ്പിച്ചു. കണ്ടാൽ അറിയാവുന്ന മുപ്പതോളം എസ് എഫ് ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റിയായിരുന്നു പ്രവർത്തകർ നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടന്നത്. ഓഫീസിനുള്ളിൽ കയറി മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഓഫീസ് പ്രവർത്തനവും തടസപെടുത്തി. ഒരു മണിക്കൂറോളം ഓഫീസിൽ ബഹളം വച്ച പ്രവർത്തകരെ കൂടുതൽ പൊലീസെത്തിയാണ് ഓഫീസിൽ നിന്നും നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി.

അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുള്ളത്. സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും തെളിവായി പരാതിക്കൊപ്പം ചാനൽ നൽകിയിരുന്നു.