മലപ്പുറം: മലപ്പുറം അമരമ്പലം പുഴയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കിൽപ്പെട്ട് കാണാതായി. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയുടെ സൗത്ത് കടവിൽ ഇറങ്ങിയത്. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്ക് വേണ്ടി സ്‌കൂബ ടീമടക്കം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ 2.30-നാണ് സംഭവം.

ഒഴുക്കിൽപ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റർ ദൂരെ നിന്നുമാണ് നാട്ടുകാർ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയിൽ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാൽ ഇവർ എന്തിനാണ് പുഴയിലേക്ക് ഇറങ്ങിയതെന്ന കാര്യം വ്യക്തമല്ല.

മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ വ്യാഴാഴ്ചവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താലൂക്ക് അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പരിചയസമ്പന്നരായ ജീവനക്കാരെ നിയോഗിക്കാൻ കളക്ടർ നിർദ്ദേശം നൽകി.