ഇടുക്കി: അടിമാലിയിൽ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഹോട്ടൽ ജീവനക്കാരനായ ജിനീഷാണ് (39) തീകൊളുത്തിയത്. ഗുരുതരാവസ്ഥയിലായ ജിനീഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വൈകീട്ട് 4.40-ഓടെ യുവാവ് അടിമാലി സെൻട്രൽ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴിലെത്തി. തുടർന്ന് കൈയിൽ സൂക്ഷിച്ചിരുന്ന കാനിൽനിന്ന് പെട്രോൾ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ചുറ്റുമുള്ളവർ സംഭവം തിരിച്ചറിയുന്നതിന് മുൻപുതന്നെ തീ ആളിക്കത്തി. കൂടിനിന്നവർ നനച്ച ചാക്കിട്ടാണ് പിന്നീട് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

90 ശതമാനം പൊള്ളലേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതകാനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്.