കോതമംഗലം: നേര്യമംഗലം അഞ്ചാം മൈലിൽ തോക്കുധാരികളെ കണ്ടെന്ന് വാഹന ഡ്രൈവർ. 3 പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നേര്യമംഗലത്തു നിന്നും അടിമാലി ഭാഗത്തേയ്ക്ക് പോകുയായിരുന്ന വാഹന ഡ്രൈവർ അറിയിച്ചതായി വനം വകുപ്പ് അധികൃതരും പൊലീസും സ്ഥിരീകരിച്ചു.

കുട്ടമ്പുഴ വനമേഖലയുടെ തുടർച്ചായി വ്യാപിച്ചു കിടക്കുന്ന വനമേഖലയിൽ കൊച്ചി - ധനുഷ്‌കോടി പാതയോരത്ത് വച്ച് പുലർച്ചെ 4 മണിയോടെ തോക്കുധാരികളെ കണ്ടെന്നാണ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.

പാതയോരത്ത് കണ്ടത് മാവോയിസ്റ്റുകളെയാണെന്നുള്ള അഭ്യൂഹം ഉയർന്നിട്ടുണ്ട്. പൊലീസും വനം വകുപ്പ് ജീവനക്കാരും ഇന്ന് പകൽ മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു.

തിരച്ചിലിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.