മലപ്പുറം: കോവിഡ് വ്യകുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർബ്ബന്ധമാക്കിയ മാസ്‌ക് കൊള്ള ലാഭമെടുത്ത് വിൽപ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്‌കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത വിപണിയിലുണ്ടായിരുന്ന വില. ഈ സമയത്ത് ത്രീലെയർ മാസ്‌കിന് സംസ്ഥാന സർക്കാർ ഒന്നിന് അഞ്ചു രൂപ വില നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു.

എന്നാൽ കോവിഡ് നിയന്ത്രണ വിധേയമായതോടെ പലരും മാസ്‌ക് ഉപയോഗിക്കുന്നതിൽ കണിശത കാണിക്കാതെയായി. അധികൃതരും നിഷ്‌ക്കർഷത പുലർത്താതെയായി. മാസ്‌ക് വിപണിയിൽ ഡിമാന്റ് കുറഞ്ഞതോടെ മൊത്തക്കച്ചവടക്കാർ വില 350ൽ നിന്നും 120 ആക്കി കുറച്ചു. ആശുപത്രികളിലും മറ്റും ഇപ്പഴും മാസ്‌ക് കർശനമാക്കിയിട്ടുണ്ട്.

ആശുപത്രി പരിസരത്തുള്ള കടകളിൽ മാസ്‌കിന് അഞ്ചു രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ഇത് ചോദ്യം ചെയ്താൽ കടയുടമ സർക്കാരിന്റെ സർക്കുലർ കാണിക്കും. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം പ്രതിദിനം ആയിരക്കണക്കിനാളുകൾ വരുന്നുണ്ട്. മാസ്‌ക് വിൽപ്പനയിലൂടെ കൊള്ള ലാഭമാണ് വ്യാപാരികളുണ്ടാക്കുന്നത്.

ഈ സാഹചര്യത്തിലാണ് സർക്കാർ മാസ്‌കിന് വില പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി, മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് ഉള്ളാടം കുന്ന് എന്നിവർ ആരോഗ്യമന്ത്രി വീണ ജോർജിന് നിവേദനം നൽകിയത്. നിവേദനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായും ഉടൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.