കോഴിക്കോട്: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ ആശുപത്രികളുടെ അടിയന്തര യോഗം വിളിച്ചു. 27ന് ഉച്ചയ്ക്ക് 12ന് ഓൺലൈനായാണ് യോഗം. ഇതിനു പുറമേ നടത്തിപ്പിലെ പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് പരിശീലനവും ആരംഭിച്ചു.

മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട പല സഹകരണ ആശുപത്രികളും പദ്ധതിയുമായി നിസ്സഹകരണത്തിലാണ്. കരാർ ഒപ്പു വയ്ക്കുമ്പോൾ പറഞ്ഞ പോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്നും അതിനാൽ ചികിത്സ നിർത്തിവയ്ക്കുകയാണെന്നും ഇവർ അറിയിച്ചിരുന്നു. ഇതിനിടെ മെഡിസെപ്പ് നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആശുപത്രികൾക്ക് നേരിട്ടു പരിശീലനവും നൽകിത്തുടങ്ങിയിട്ടുണ്ട്. കരാറിനെ കുറിച്ചു വ്യക്തമായ ധാരണ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു സർക്കാരിന്റെ വിലയിരുത്തൽ .

ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിസെപ് നടപ്പാക്കാൻ നിയോഗിച്ച ഏജൻസിയുടെ േനതൃത്വത്തിൽ പരിശീലനം നൽകുന്നത്. ഓരോ ജില്ലയിലും മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളിലെ ജീവനക്കാർക്ക് ചികിത്സാ തുക ക്ലെയിം ചെയ്യേണ്ടത് സംബന്ധിച്ചും മറ്റും പരിശീലനം നൽകുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലന പദ്ധതി സെപ്റ്റംബർ ഒന്നു വരെ വിവിധ ജില്ലകളിലായി നടക്കും.