കോട്ടയം: ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കർണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവർത്തിക്കണോയെന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കുമെന്ന് ജെയ്ക് സി. തോമസ് വ്യക്തമാക്കി. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനുവിന്റെ (50) മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

സാധാരണക്കാരന്റെ അവസാന ചില്ലിക്കാശും കൊള്ളപ്പലിശയുടെ മറവിൽ പിഴിഞ്ഞൂറ്റി തടിച്ചുവീർക്കാനാണ് പുതുതലമുറ ബാങ്കുകൾ ശ്രമിക്കുന്നതെന്ന് ജെയ്ക് പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കോട്ടയം കർണാടക ബാങ്കിൽ ഉണ്ടായിരിക്കുന്നതെന്നും ജെയ്ക് അഭിപ്രായപ്പെട്ടു.

'ബാങ്കിങ് ആപ്പിന്റേയും മറ്റും പേരിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടേണ്ടിവന്ന അങ്ങേയറ്റം ദയനീയമായ സാഹചര്യം മുമ്പിലുണ്ട്. സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവിൽ പിഴിഞ്ഞൂറ്റി തടിച്ചുവീർക്കാനാണ് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകൾ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കർണാടക ബാങ്കിൽ ഉണ്ടായിരിക്കുന്നത്', ജെയ്ക് പറഞ്ഞു.

'എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്. കർണാടക ബാങ്കുപോലെയുള്ള പുതുതലമുറ ബാങ്കുകൾക്കുള്ള താക്കീതാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയിൽ കയറി അവരുടെ വ്യാപാരം നടത്തിയ ശേഷം ബാക്കിയായ ചില്ലിക്കാശും നാണയത്തുട്ടുകളും പിടിച്ചുപറിച്ച് അതിൽനിന്ന് ലാഭമൂറ്റിക്കുടിച്ച് വളരാമെന്നാണ് കർണാടക ബാങ്കുപോലെയുള്ള ബാങ്കുകൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ഈ ബാങ്ക് കോട്ടയം നഗരത്തിൽ പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്ഐ. തീരുമാനിക്കും. അത് നിങ്ങൾക്കുള്ള താക്കീതാണ്, അത് നിങ്ങൾ ഓർമിച്ചുകൊള്ളണം', ജെയക് വ്യക്തമാക്കി.

അയ്മനം കുടയുംപടിയിലെ വ്യാപാരി കെ.സി. ബിനു(50)വിന്റെ ആത്മഹത്യയിലാണ് കുടുംബം കർണാടക ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ടുമാസത്തെ വായ്പ കുടിശ്ശികയുടെ പേരിൽ കർണാടക ബാങ്കിലെ ജീവനക്കാരൻ ബിനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതുകാരണമാണ് ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഇതേത്തുടർന്ന് ബിനുവിന്റെ മൃതദേഹവുമായി കുടുംബാംഗങ്ങളും ബന്ധുക്കളും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തിയിരുന്നു. ജില്ലയുടെ ക്രമസമാധാന ചുമതലയുള്ള എസ്‌പിയോ ഡി.വൈ.എസ്‌പിയോ അല്ലെങ്കിൽ ജില്ലാ കളക്ടറോ എ.ഡി.എമ്മോ നേരിട്ടെത്തി ചർച്ച നടത്തി, സംഭവത്തിൽ കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചാലേ പ്രതിഷേധം അവസാനിപ്പിക്കൂവെന്നായിരുന്നു ഡിവൈഎഫ്ഐ. വ്യക്തമാക്കിയിരുന്നത്.