കൊച്ചി: ജില്ലയിൽ മാറ്റിവെച്ച നവകേരള സദസ് 2024 ജനുവരി 1, 2 തീയതികളിൽ നടക്കും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. നേരത്തേ ഡിസംബർ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരള സദസ്സ് കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് മാറ്റിവെച്ചത്.

ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. തുടർന്ന് വൈകിട്ട് അഞ്ചിന് പിറവം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പിറവം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും.

ജനുവരി രണ്ടിന് വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും അന്നേദിവസം വൈകിട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ നവകേരള സദസും നടക്കും.

സദസ്സ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുമ്പ് ജനങ്ങൾക്ക് നിവേദനങ്ങൾ നൽകുവാൻ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിക്കും. നവകേരള സദസ്സുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.