കൊച്ചി: സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവകേരള സ്ത്രീ സദസ് 22ന് രാവിലെ 9.30 മുതൽ 1.30 വരെ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും.

സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾക്കും നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ മുഖ്യമന്ത്രിയുമായി സംവദിക്കും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷമായിരിക്കും വനിതകൾ സംസാരിക്കുക. അഭിപ്രായങ്ങൾ എഴുതി നൽകാനും അവസരം ഉണ്ടാകും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. രണ്ടായിരം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും.

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി, റോജി എം ജോൺ എംഎ‍ൽഎ, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പങ്കെടുക്കും. ഡോ. ടി.എൻ സീമ പരിപാടിയിൽ മോഡറേറ്ററാകും.