മലപ്പുറം: നവകേരള സദസ്സ് മലപ്പുറത്തെത്തിയതോടെ കൂടുതൽ യുഡിഎഫ് നേതാക്കൾ നേതൃത്വത്തിന്റെ ബഹിഷ്‌കരണ ആഹ്വനം കാറ്റിൽ പറത്തി പരിപാടിയുടെ ഭാഗമാകുന്നത് മുന്നണിക്ക് തലവേദനയാകുന്നു. ഏറ്റവും ഒടുവിലായി ബഹിഷ്‌കരണം കാറ്റിൽ പറത്തി നവകേരള സദസ്സിൽ പങ്കെടുത്തിരിക്കുന്നത് പൊന്മുണ്ടം പഞ്ചായത്തിലെ 13-ാം വാർഡ് അംഗം മുഹമ്മദ് അഷ്‌റഫാണ്. കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയാണ് മുഹമ്മദ് അഷ്‌റഫ്.

തിരൂരിലെ പ്രഭാതഭക്ഷണ യോഗത്തിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. ഇതിന് പിന്നാലെ പാർട്ടി അഷറഫിനെതിരെ നടപടിയും സ്വീകരിച്ചു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിനെ തുടർന്ന് മുഹമ്മദ് അഷ്‌റഫിനെ സസ്‌പെന്റ് ചെയ്തതായും ഡിസിസി അറിയിച്ചു.