കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ മാറ്റം വരുത്തിയതിനെ സ്വാഗതം ചെയ്യുമ്പോളും വിഷയത്തിൽ നിലപാട് ശക്താക്കുകയാണ് സമസ്ത. പാഠ്യപദ്ധതി ചട്ടക്കൂട് കരട് രേഖയിലെ ലിംഗസമത്വം ഒഴിവാക്കി ലിംഗനീതി എന്നാക്കുമെന്ന കേരള സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ പാഠ്യപദ്ധതി ചട്ടക്കൂടിലേയും പഞ്ചായത്തുകൾ മുഖേന കുടുംബശ്രീ നടത്തുന്ന പഠന സഹായിലേയും സകല അധാർമ്മിക പാഠങ്ങളും സർക്കാർ പിൻവലിക്കണമെന്നാണ് സമസ്തയുടെ ആവശ്യം.

പാഠ്യപദ്ധതി ചട്ടക്കൂടിലേയും പഞ്ചായത്തുകൾ മുഖേന കുടുംബശ്രീ നടത്തുന്ന പഠന സഹായിലേയും സകല അധാർമ്മിക പാഠങ്ങളും സർക്കാർ പിൻവലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സെമിനാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജെൻഡർ ന്യൂട്രാലിറ്റിയുടെ അധാർമ്മിക പരത്തുന്ന പാഠങ്ങൾക്കെതിരെ ഖതീബുമാർ മഹല്ലുകളിൽ ബോധവൽക്കരണം നടത്തണം.

മതവും സമൂഹവും നൂറ്റാണ്ടുകളോളം ആർജ്ജിച്ചെടുത്ത മൂല്യങ്ങളും ധാർമ്മിക ബോധവും പൊളിച്ചടക്കുന്ന ലോകവ്യാപകമായി ദുരന്തം ഏറ്റുവാങ്ങിയ ആശയങ്ങളും നിലപാടുകളും നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനെതിരെ പണ്ഡിതന്മാർ ജാഗ്രത പാലിക്കണം. നന്മയിലൂടെ സമൂഹം ജീവിക്കാൻ നിരന്തരമായ ഉപദേശങ്ങളും ഇടപെടലുകളും ആവശ്യമാണ് പ്രമേയത്തിൽ പറഞ്ഞു. ജംഇയ്യത്തുൽ ഖുത്വബാ സെപ്റ്റംബർ ഒന്ന് മുതൽ 30 വരേയായി മേഖലാ അടിസ്ഥാനങ്ങളിൽ നൂറ് പീന ശിബിരങ്ങളും മഹല്ല് അടിസ്ഥാനത്തിൽ നാലായിരം പീന ക്ലാസ്സുകളും നടത്തും.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ ' ജെൻഡർ ന്യൂട്രാലിറ്റി: തത്വം, പ്രയോഗം, ആഘാതം' എന്ന പ്രമേയത്തിലെ ഖുത്വബാ സെമിനാർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇന്റർ സെക്‌സ്, ട്രാൻസ് ജൻഡർ: കർമ്മശാസ്ത്രം എന്ന വിഷയത്തിൽ എം ടി അബൂബക്കർ ദാരിമി, ലൈംഗിക ന്യൂനപക്ഷം: ശാസ്ത്രം, യുക്തി എന്ന വിഷയത്തിൽ ശുഐബുൽ ഹൈതമി, ലിംഗം, ലിംഗത്വം, ലൈംഗികത: ഇസ്ലാമിക വായന എന്ന വിഷയത്തിൽ മുജ്തബ ഫൈസി ആനക്കര, സാമൂഹ്യ ദുരന്തവും ആത്മീയ സമീപനവും എന്ന വിഷയത്തിൽ അബ്ദു റഷീദ് ഹുദവി ഏലംകുളം, ജൻഡർ പൊളിറ്റിക്‌സിന്റെ ഒളിയജണ്ടകൾ എന്ന വിഷയത്തിൽ ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ എന്നിവർ ക്ലാസെടുത്തു.