തിരുവനന്തപുരം: സ്വപ്ന സുരേഷിനായി വ്യാജ ബികോം ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ പ്രതിയായ പഞ്ചാബ് അമൃതസർ സ്വദേശി സച്ചിൻ ദാസിനെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പഞ്ചാബ് അമൃതസർ സ്വദേശി സച്ചിൻ ദാസിനെയാണ് തെളിവു ശേഖരണത്തിനായി വെള്ളിയാഴ്ച പകൽ 11.30 മുതൽ ഞായർ വൈകിട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. തെളിവു ശേഖരണം പൂർത്തിയാക്കി ഞായർ വൈകിട്ട് അഞ്ചിനകം കോടതിയിൽ ഹാജരാക്കാനും കന്റോൺമെന്റ് പൊലീസിനോട് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു.

23 നാണ് സച്ചിൻ ദാസിനെ പൊലീസ് പിടികൂടിയത്. ഐ ടി വകുപ്പിലെ ജോലിക്കായി സ്വർണ്ണക്കടത്ത് കൂട്ടു പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മുംബൈയിലെ അംബേദ്കർ സർവകലാശാലയുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. ഒരു സുഹൃത്ത് വഴിയാണ് സ്വപ്ന സുരേഷ് സച്ചിൻ ദാസിനെ പരിചയപ്പെടുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്ന സുരേഷ് ഐ ടി വകുപ്പിൽ ജോലി തരപ്പെടുത്തിയത്. കന്റോൺമെന്റ് പൊലീസ് പഞ്ചാബിലെത്തിയാണ് സച്ചിൻ ദാസിനെ അറസ്റ്റ് ചെയ്തത്. എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി മൂക്കിന് തുമ്പത്ത് വിലസിയിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്ത കന്റോൺമെന്റ് പൊലീസാണ് പഞ്ചാബിൽ ചെന്ന് സ്വപ്നാ കേസിൽ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.