കൊട്ടാരക്കര: വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച രണ്ട് സൈനികരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഹവള (ഇടിവള) കൊണ്ടുള്ള ആക്രമണത്തിൽ കൺട്രോൾ റൂം എസ്‌ഐ രാജേന്ദ്രപ്രസാദിന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്ന എസ്‌ഐ ആഷിർ കോഹൂർ, സിവിൽ പൊലീസ് ഓഫിസർ ശ്രീലാൽ എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റു.

അവധിക്കു നാട്ടിലെത്തിയ സൈനികരായ കോട്ടാത്തല രോഹിണി മന്ദിരത്തിൽ എസ്. ഈശ്വർചന്ദ്രൻ (26), പാവുമ്പ മണപ്പള്ളി നോർത്ത് അനുഭവനിൽ എം.അനു (25) എന്നിവരാണ് ആക്രമണക്കേസിൽ അറസ്റ്റിലായത്. മിനിഞ്ഞാന്നു രാത്രി 11നു ചന്തമുക്കിനു സമീപമാണു സംഭവം. പൊലീസുകാരെ അക്രമിച്ച ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ സുഹൃത്തും സൈനികനുമായ കോട്ടാത്തല സ്വദേശി നിഥിന് (24) എതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു കേസെടുത്തു.

വാഹനപരിശോധന നടത്തുകയായിരുന്ന എസ്‌ഐ ആഷിർ കോഹൂറിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്കിലെത്തിയ നിഥിനെയാണ് ആദ്യം തടഞ്ഞത്. ഇയാൾക്കു പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ ഈശ്വർചന്ദ്രനും മഹേഷും ഇതു ചോദ്യം ചെയ്തതോടെ അക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

മൂവരെയും കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകാനുള്ള ശ്രമവും ചെറുത്തതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ജീപ്പിലേക്കു കയറ്റിയപ്പോഴാണ് ഈശ്വർചന്ദ്രൻ ഇടിവള കൊണ്ട് എസ്‌ഐ രാജേന്ദ്രപ്രസാദിനെ ആക്രമിച്ചത്.