ഇടുക്കി: കോഴിക്കൂട് തപ്പിയെത്തിയ പുലി കോഴിക്കൂടിന് പുറത്ത് വിരിച്ചിരുന്ന പ്ലാസ്റ്റിക് വലയിൽ കുടുങ്ങി. അഞ്ച് കോഴികളെ പുലി കൊന്നു. എന്നാൽ, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുൻപേ വല മുറിച്ച് പുലി രക്ഷപ്പെട്ടു. ഇടുക്കി മാങ്കുളം ആറാം മൈലിനു സമീപം മൂപ്പത്തിമൂന്നിലാണ് സംഭവം.

കോട്ടായി ബിനോയിയുടെ വീടിനു സമീപം കോഴിക്കൂടിനു വിരിച്ചിരുന്ന വലയിലാണ് ഇന്നലെ പുലർച്ചെ മൂന്നോടെ പുലി കുരുങ്ങിയത്. ബഹളം കേട്ട് ബിനോയ് നോക്കിയപ്പോഴാണു പുലിയെ കണ്ടത്. സമീപവാസികൾ എത്തിയെങ്കിലും അതിനിടെ വല പൊട്ടിച്ച് പുലി ഓടിക്കളഞ്ഞു. കൂട്ടിലുണ്ടായിരുന്ന 5 കോഴികളെ പുലി കൊന്നതായി ബിനോയ് പറഞ്ഞു. രണ്ടാഴ്ച മുൻപ് ആറാംമൈൽ അടയ്ക്കാപറമ്പിൽ ബിജു ജോണിന്റെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു.