കണ്ണൂർ: പൊതുമരാമത്ത് വകുപ്പിൽ അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോലിയിൽ അഴിമതിയും കെടുകാര്യസ്ഥതയും വെച്ച് പുലർത്തുന്നവർക്ക് സർക്കാറിന്റെ ഒരു തരത്തിലുള്ള സംരക്ഷണവും ഉണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.

താലൂക്ക് ഓഫീസിനടുത്ത് സിവിൾ സ്റ്റേഷന് സമീപം പി.ഡബ്ലു.ഡി.ക്കായി നിർമ്മിച്ച പുതിയ കോംപ്ലക്‌സിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ആവർത്തിച്ചത്.നല്ല നിലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഒരു പ്രയാസവുമുണ്ടാവില്ല.

എന്നാൽ തെറ്റു ചെയ്യുന്നവരുമായി ഒരു സന്ധിക്കും സർക്കാർ തയ്യാറല്ല. അവരെ തിരുത്തിക്കുക തന്നെ ചെയ്യും. നല്ല കെട്ടിടങ്ങൾ ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. അവിടെ എത്തുന്ന ജനങ്ങളോടുള്ള പെരുമാറ്റം കൂടി നന്നായിരിക്കണം.

എന്നാൽ മാത്രമേ ഭംഗിയുള്ള കെട്ടിടങ്ങൾ കൊണ്ടു കാര്യമുള്ളൂവെന്നുംമന്ത്രി ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തി. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ, കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ എ .മുഹമ്മദ്, എം' ഷാജർ, കെ.എം സ്വപ്ന, ടി.ജയകൃഷ്ണൻ, അർച്ചന വണ്ടിച്ചാൽ എന്നിവർ സംബന്ധിച്ചു'