ആലുവ: വിപണിയിൽ ഇരുപത് ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ പിടിയിൽ . സംഭവവുമായി ബന്ധപെട്ട് കൂനമ്മാവ് പള്ളി പറമ്പിൽ നജീബ് (29) നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരെ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഇരുന്നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

ആലങ്ങാട് കോട്ടപ്പുറം റോഡിൽ, ആയുർവേദ മരുന്ന് കടയുടെ സമീപത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. രാസ ലഹരി ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തുകയായിരുന്നു. ഇടയ്ക്ക് വച്ച് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ കടന്ന് കളഞ്ഞു. തുടർന്ന് കിലോമീറ്ററുകളോളം പിൻ തുടർന്ന് സാഹസികമായാണ് സംഘത്തെ പിടികൂടിയത്.

വിദ്യാർത്ഥികളും, ഐ ടി മേഖലയിലുള്ളവരും, ചില സെലിബ്രറ്റികളുമാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നത്. വർഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തുന്ന ഇവർ കേരളത്തിലെ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളാണ്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി.പി ഷംസ്, ആലങ്ങാട് എസ്‌ഐമാരായ കെ.എ മുഹമ്മദ് ബഷീർ, കെ.ആർ അനിൽ, എ.എസ് ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.എ ബിജു, ഡാൻസാഫ് ടീം എന്നിവരും പ്രതികളെ പിടികൂടാൻ ഉണ്ടായിരുന്നു. ആലുവ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടി, ആലങ്ങാട് എസ്.എച്ച്. ഒ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കേസ് അന്വേഷിക്കുന്നത്.