തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ, മകൾ ആതിര എന്നിവർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും പരിക്കേറ്റു. ഇരുവരെയും ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയും എത്തിച്ച് ചികിത്സ നൽകി. നായയെ നിരീക്ഷണത്തിലാക്കി.

സമാനമായ രീതിയിൽ തിരുവനന്തപുരം വെള്ളനാട് മൂന്ന് പേർക്ക് തെരുവുനായകളുടെ കടിയേറ്റു. വെള്ളനാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും മേപ്പാട്ടുമല സ്വദേശിക്കുമാണ് കടിയേറ്റത്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളർത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകൾ രേഷ്മ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നായ ഇന്ന് ചത്തു. രണ്ട് ദിവസം മുൻപാണ് പുഷ്പയെയും മകൾ രേഷ്മയെയും വളർത്തുനായ കടിച്ചത്. കടിയേറ്റ ഉടനെ ഇരുവർക്കും പ്രതിരോധ വാക്‌സിൻ നൽകിയിരുന്നു.