മലപ്പുറം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ ബുദ്ധിമുട്ടുണ്ടാവുന്നത് ഒന്ന് ബിജെപിക്കും മറ്റൊന്ന് കേരളത്തിലെ സിപിഎമ്മിനും മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. സിപിഎമ്മിൽ രണ്ടു വിഭാഗമുണ്ട്. കേരളത്തിലെ സിപിഎമ്മും പുറത്തുള്ള സിപിഎമ്മും. കേരളത്തിനു പുറത്തുള്ള യച്ചൂരി അടക്കമുള്ള സിപിഎം നേതാക്കൾ ജോഡോ യാത്രയിൽ ആവേശം കൊള്ളുന്നു.

സിപിഎം ആയാലും മമത ആയാലും കോൺഗ്രസിനെ ഇല്ലാതാക്കി ബിജെപിയുടെ വളർച്ചയ്ക്ക് വഴിമരുന്നിടുന്നവരാണ്. കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ സിപിഎം ആശങ്കപ്പെടേണ്ട കാര്യമില്ല. അവർ കേരളത്തിലെ സർക്കാരിന്റെ പരാജയത്തെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതി. കോൺഗ്രസിന്റെ പ്രശ്‌നങ്ങൾ തീർക്കാൻ കോൺഗ്രസിന് അറിയാമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

20-ാം ദിനത്തിൽ ഇന്ന് ഉച്ചവരെ 435 കിലോമീറ്ററുകൾ പൂർത്തിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു. ഇന്നത്തെ ദിനം പൂർത്തിയാകുമ്പോൾ 445 കിലോമീറ്ററുകൾ പാദയാത്ര പൂർത്തീകരിക്കും. രണ്ടു വിശ്രമ ദിനങ്ങളുൾപ്പെടെ 19 ദിവസത്തെ കേരളത്തിലെ പ്രയാണം പൂർത്തിയാക്കി ജോഡോ യാത്ര സെപ്റ്റംബർ 29ന് തമിഴ്‌നാട്ടിലും 30ന് കർണാടകയിലും പ്രവേശിക്കും.