താമരശ്ശേരി: താമരശ്ശേരിയിൽ എം.ഡി.എം.എ. യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്‌മാൻ (20), പെരുമ്പള്ളി കവുമ്പുറത്ത് വീട്ടിൽ ആഷിക്. കെ.പി. (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോഴിക്കോട് റൂറൽ എസ് പി. ആർ. കറപ്പസാമി ഐ.പി.എസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.

പ്രതികളുടെ കയ്യിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 5.15 ഗ്രാം എം.ഡി.എം.എ. യും പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകൾ, തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു. കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളിൽ വില്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെടുത്തിയ മയക്കുമരുന്നുകൾ. ഇന്ന് വൈകിട്ട്. 6.20 ഓടെയാണ് പൊലീസ് ലോഡ്ജിൽ പരിശോധന നടത്തിയത്.

കോഴിക്കോട് ഉള്ള മൊത്തകച്ചവടക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ മുഹമ്മദ് ഷക്കീറിനെ കഴിഞ്ഞ മാർച്ച് മാസത്തിൽ 5ഗ്രാം എം.ഡി.എം.എ.യുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം ജയിലിൽ കിടന്ന് മെയ് മാസം ജാമ്യത്തിൽ ഇറങ്ങിയതാണ് ഇയാൾ. വർധിച്ചു വരുന്ന ലഹരി വില്പന തടയുന്നതിനായി സംസ്ഥാനമൊട്ടുക്ക് നടക്കുന്ന വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്.