പത്തനംതിട്ട: തെരുവുനായക്കൂട്ടം ഒരു ജീവൻ കൂടിയെടുത്തു. കടയടച്ച് രാത്രിയിൽ വീട്ടിലേക്ക് മടങ്ങിയ വ്യാപാരി നായയെ ഇടിച്ച് ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ് ചികിൽസയിലിരിക്കേ മരിച്ചു.

മെഴുവേലി കുറിയാനിപ്പള്ളി വെട്ടത്തേത്ത് കിഴക്കേതിൽ (അരവിന്ദം) വി.കെ. രാജു (61) ആണ് മരിച്ചത്. ഇലവുംതിട്ട ജങ്ഷനിൽ വ്യാപാരം നടത്തുന്ന രാജു സെപ്റ്റംബർ ഏഴിന് രാത്രി ഒൻപത് മണിയോടെ കട അടച്ച ശേഷം മെഴുവേലിയിലെ വീട്ടിലേക്ക് പോകുമ്പോൾ പുളിന്തിട്ടയിലാണ് അപകടം.

കുറുകെ തെരുവ് നായ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ രാജുവിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: അനിത.
മക്കൾ: ആര്യ (സർവീസ് സഹകരണ ബാങ്ക്, നെടുമ്പ്രം )അരവിന്ദ് (പ്ലസ് വൺ വിദ്യാർത്ഥി, പി. എച്ച്. എസ്. എസ്.മെഴുവേലി).