കോയമ്പത്തൂർ: റോഡരികിലെ പച്ചക്കറി വിൽപ്പനയെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ മർദ്ദനമേറ്റ സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂർ വിളാംകുറിച്ചി റോഡിൽ എസ്. ബെൻഡ് ഭാഗത്തു റോഡരികിൽ പച്ചക്കറിക്കട നടത്തുകയായിരുന്ന വി.ആർ.എസ്. നഗറിൽ കലാറാണി(50)യാണ് മരിച്ചത്. സംഭവത്തിൽ തൊട്ടടുത്ത് പച്ചക്കറി വിറ്റിരുന്ന ദേവി (42), മകൻ മണികണ്ഠൻ (27) എന്നിവരെ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തു.

വർഷങ്ങളായി റോഡരികിൽ കച്ചവടം ചെയ്തുവരികയായിരുന്നു ഇരുവരും. ഇതിൽ കലാറാണിയുടെ പക്കൽനിന്നും കൂടുതൽ ആൾക്കാർ പച്ചക്കറി വാങ്ങാൻ എത്തുന്നത് കാരണം കച്ചവടം കുറഞ്ഞ ദേവി തർക്കത്തിൽ ഏർപ്പെടുന്നത് പതിവായിരുന്നു. ഞായറാഴ്ച വൈകിട്ട് വന്ന ധാരാളം പേർ കലാറാണിയുടെ കടയിൽ പച്ചക്കറി വാങ്ങി. എന്നാൽ ദേവിയുടെ പക്കൽ നിന്നും ആരും വാങ്ങാൻ എത്തിയില്ല.

ഇതോടെ ക്ഷമ നഷ്ടപ്പെട്ട ദേവിയും മകനും ഇവരെ വഴക്കുപറയുകയും മുടി കുത്തിപ്പിടിച്ച് വലിച്ച് താഴെ തള്ളി ഇടുകയും ചെയ്തു. പിന്നീട് അസ്വസ്ഥത തോന്നിയ കലാറാണിയെ മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കലാറാണി നെഞ്ചുവേദന അറിയിച്ചതോടെ ദേവിയും മകനും സ്ഥലം വിട്ടു. പീളമേട് പൊലീസ് ക്രിമിനൽ നിയമം 304 വകുപ്പ് പ്രകാരം ഇരുവർക്കും എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.