തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അഥോറിറ്റി. ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ളനിറത്തിലേക്ക് മാറണമെന്നാണ് നിർദ്ദേശം. 2023 ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും. നിലവിലുള്ള ആംബുലൻസുകൾ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറംമാറ്റിയാൽമതി.

വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഉൾപ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിർദ്ദേശം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം. മൃതദേഹം കൊണ്ടുപോകാന്മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനും മാർഗനിർദ്ദേശമുണ്ട്. ഇത്തരം ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല.

മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ‘Hearsse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റുകൊണ്ടെഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം.

വടക്കാഞ്ചേരിയിലെ അപകടത്തിലെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകണമെന്ന് നിർദ്ദേശം വന്നിരുന്നു. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ വെള്ള നിറത്തിനൊപ്പം ബസുകൾക്ക് ചുറ്റിലും വൈലയറ്റും ഗോൾഡൻ നിറത്തിലും രണ്ട് നിറങ്ങൾ നൽകണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ മൂന്ന് ദിവസത്തെ സമയമായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറുന്നതിന് അനുവദിച്ചിരുന്നത്. എന്നാൽ, ബസുടമകളുടെയും മറ്റും അഭ്യാർഥ പരിഗണിച്ച് സമയം നീട്ടി നൽകുകയായിരു. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഉത്തരവിറക്കിയിരുന്നു.

വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ഹോണുകൾ ഘടിപ്പിക്കുക, ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എൻജിൻ ഘടിപ്പിച്ച എയർ കണ്ടിഷൻ സംവിധാനമുള്ള ബസുകൾ, എമർജൻസി വാതിലിനു തടസ്സം വരുത്തുക തുടങ്ങിയവ നിയമലംഘനങ്ങളാണ്.