ഈ റോഡ്: ലോകകപ്പ് ഫുട്‌ബോളിൽ കോളടിച്ച് തമിഴ്‌നാട്ടിലെ നാമക്കൽ. ഫുട്‌ബോൾ മത്സരം കാണാൻ ഖത്തറിൽ എത്തുന്ന ഫുട്‌ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിന് ഈ മാസം അഞ്ച് കോടി മുട്ടകളാണ് തമിഴ്‌നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്കായി തയാറാക്കുന്നത്. മത്സരം ആരംഭിക്കാൻ 9 ദിവസം മാത്രം ശേഷിക്കെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി 2 കോടി മുട്ട കയറ്റുമതി ചെയ്തു. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും.

മുട്ടകളുടെ കയറ്റുമതി തുടങ്ങിയതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്‌ബോൾ പുതിയ ആവേശമായി. ഇന്ത്യൻ കോഴിമുട്ടകൾക്കു പ്രിയമേറിയതോടെ 2007- 2008 കാലയളവിൽ ഗൾഫ് രാജ്യങ്ങളായ ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ ഉൾപ്പെടെ 11 ഗൾഫ് രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും നാമക്കലിൽ നിന്ന് മാസംതോറും 12 മുതൽ 15 കോടി വരെ മുട്ട കയറ്റുമതി ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ നാമക്കൽ ജില്ല ഉൾപ്പെടെ ഇന്ത്യയിൽ മുട്ട ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് മുൻ വർഷത്തെക്കാൾ മൂന്ന് ഇരട്ടി കയറ്റുമതി പ്രതീക്ഷിക്കുന്നു. വില കുറച്ചു നൽകി യുഎസ്എ അടക്കമുള്ള വിപണികൾ ഇന്ത്യൻ വിപണിയെ തകർക്കാൻ ശ്രമിക്കുന്നുണ്ട്. ഇതു തരണം ചെയ്യാൻ മുട്ട ഉൽപാദന കേന്ദ്രങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പക്ഷിപ്പനി രഹിത സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നാമക്കൽ മുട്ട ഉൽപാദന, വിൽപന അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.